മലയാളം ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പി.കെ. രവീന്ദ്രനാഥിനും (മരണാനന്തരം),   വി.ആര്‍. കൃഷ്ണയ്യര്‍ക്കും, വി.ജി. നായര്‍ക്കും മലയാളരത്നം; കെ.രാഘവന്‍ മാസ്റ്റര്‍ (മരണാനന്തരം), എം.ടി, മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, ടി.ഇ. വാസുദേവന്‍, നെടുമുടി വേണു, മാടമ്പ് കുഞ്ഞുകുട്ടന്‍, പി.കെ. നായര്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്രരത്നം; കവിയൂര്‍  പൊന്നമ്മ, കെപിഎസി ലളിത, നന്ദകിഷോര്‍ടി.ആര്‍. ഓമന, വത്സല മേനോന്‍, ക്യാപ്റ്റന്‍ രാജു, സജിത മഠത്തില്‍ എന്നിവര്‍ക്ക് ചലച്ചിത്രസപര്യ പുരസ്കാരങ്ങള്‍          

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭാഷ, കല, സാഹിത്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സംസ്കാരം, സിനിമ എന്നിവയുടെ ഉന്നമനത്തിനായി ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും  ചെയ്യുന്ന മലയാളം ഫൗണ്ടേഷന്‍കേരളപ്പിറവിദിനത്തില്‍ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ 2013-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഒന്‍പതു വാര്‍ഷികപുരസ്കാരങ്ങള്‍ക്ക് പുറമേ ഡിസംബര്‍ 8-നു മലയാളം ഫൗണ്ടേഷന്‍  മുംബൈയില്‍ സംഘടിപ്പിക്കുന്ന മലയാളസിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 18 പ്രത്യേക ചലച്ചിത്രപുരസ്കാരങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നു പുരസ്കാരസമിതി അദ്ധ്യക്ഷന്‍ പ്രൊ. പറമ്പില്‍  ജയകുമാര്‍ പ്രസ്താവിച്ചു.   

പത്രപ്രവര്‍ത്തനം, പരിഭാഷ, ഗവേഷണം, സാഹിത്യം, ഗ്രന്ഥരചന, അദ്ധ്യാപനം  തുടങ്ങിയ വിഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  മരണാനന്തരബഹുമതിയായി മലയാളം ഫൗണ്ടേഷന്‍റെ സര്‍വോത്തര പുരസ്കാരമായ പ്രഥമ മലയാളരത്നം പുരസ്കാരത്തിന് പ്രൊ. പി.കെ. രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. കൂടാതെ ജസ്റ്റീസ്  വി.ആര്‍. കൃഷ്ണയ്യരേയും  വ്യവസായപ്രമുഖന്‍ വി.ജി. നായരേയും മലയാളരത്നം പുരസ്കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തു. .

നിയമരംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എഴുത്ത്, പ്രഭാഷണം, അഭിമുഖം എന്നിവയിലൂടെയുള്ള ശക്തമായ ഇടപെടലുകളും പോരാട്ടങ്ങളും, ഗ്രന്ഥരചന എന്നിവക്കെല്ലാമുള്ള ബഹുമതി എന്ന നിലയിലാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന സുപ്രീംകോടതി മുന്‍ജഡ്ജിയായ  വി.ആര്‍. കൃഷ്ണയ്യര്‍ക്കു ഈ പുരസ്കാരം നല്‍കുന്നതെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. അദ്ദേഹത്തിനുള്ള 97-ആം ജന്മദിനസമ്മാനം കൂടിയാണ് ഈ പുരസ്‌കാരപ്രഖ്യാപനമെന്ന് പുരസ്കാരസമിതി അംഗം ഗിരിജാവല്ലഭന്‍ പറഞ്ഞു.   

സാധാരണ തൊഴിലാളിയില്‍ നിന്ന് സത്യസന്ധതകൊണ്ടും ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും കോടികളുടെ വ്യവസായസാമ്രാജ്യം കെട്ടിപ്പടുത്ത വി.ജി.എന്‍. ജ്വല്ലറിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും ഉടമയായ വി.ജി. നായരുടെ ജീവിതകഥയും മാനുഷികനന്മയിലൂന്നിയുള്ള പ്രവര്‍ത്തനരീതികളും സമീപനങ്ങളും ഓരോ മലയാളിയും ശ്രദ്ധിക്കേണ്ടതും സസൂക്ഷ്മം വിലയിരുത്തേണ്ടതുമാണ്. 

ഇവരുടെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവും വിജയപാതയിലേക്കുള്ള ചൂണ്ടുപലകയും ആകട്ടെ എന്ന സദുദ്ദേശത്തോടെയാണ് ആദ്യമായി മലയാളരത്നം പുരസ്‌കാരങ്ങള്‍ നല്കുന്നതെന്നു മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ ചൂണ്ടിക്കാട്ടി.  

സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് ബാലകൃഷ്ണനും, സാഹിത്യപരിഭാഷ, സാഹിത്യപ്രവര്‍ത്തനം, ബംഗാളി-മലയാളം നിഘണ്ടു രചന എന്നീ മേഖലകളിലെ സമഗ്രസംഭാവനക്ക് ലീല സര്‍ക്കാരിനും, കര്‍ണാടകസംഗീതരംഗത്തെ സമഗ്രസംഭാവനക്ക് ഇശൈമണി തൃശൂര്‍ വൈദ്യനാഥഭാഗവതര്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവനക്ക് തിരുവനന്തപുരത്തെ സായിഗ്രാമത്തിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍. ആനന്ദകുമാറിനുമാണ് പുരസ്കാരങ്ങള്‍. ഉല്ലേഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിലയ്ക്കലേത്തു രവീന്ദ്രന്‍നായരും ശ്രീലക്ഷ്മി സുരേഷും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ചെറിയ പ്രസിദ്ധീകരണം വഴി  മാധ്യമപ്രവര്‍ത്തനം നിര്‍വഹിക്കുന്ന  വ്യത്യസ്തനായ വ്യക്തിയാണ് ഭിലായില്‍ നിന്ന് കഴിഞ്ഞ 16 വര്‍ഷങ്ങളായി  പ്രസിദ്ധീകരിക്കുന്ന പ്രമദം മാസികയുടെ പത്രാധിപര്‍  നിലയ്ക്കലേത്തു രവീന്ദ്രന്‍നായര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായ വെബ്‌ ഡിസൈനര്‍ എന്ന നേട്ടവും വിവരസാങ്കേതിക രംഗത്ത്‌ മറ്റനേകം നേട്ടങ്ങളും കൈവരിച്ച് 100-ലധികം വെബ്‌ സൈറ്റുകള്‍ ഡിസൈന്‍ ചെയ്ത് ലോകശ്രദ്ധ നേടിയ ശ്രീലക്ഷ്മി സുരേഷിനുള്ള അംഗീകാരമായാണ് മലയാളം ഫൗണ്ടേഷന്‍ പുരസ്കാരം നല്‍കുന്നത്.   

സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് മലയാളം ഫൗണ്ടേഷന്‍റെ സര്‍വോത്തര പുരസ്കാരമായ മലയാളരത്നം. ട്രോഫി, ഫലകം, കാഷ് എന്നിവ അടങ്ങുന്നതാണ് സമഗ്രസംഭാവനക്കും ഉല്ലേഖനീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍.  പ്രൊ. പറമ്പില്‍ ജയകുമാര്‍ അദ്ധ്യക്ഷനും സാഹിത്യകാരന്‍ ഗിരിജാവല്ലഭന്‍, എന്‍. രാജശേഖരന്‍നായര്‍, മലയാളഭൂമി ശശിധരന്‍നായര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.           

75 വര്‍ഷം പൂര്‍ത്തിയാക്കിയ  മലയാളസിനിമയ്ക്കു ഗണ്യമായ സംഭാവനകള്‍ നല്കിയ ബഹുമുഖപ്രതിഭകളായ പതിനൊന്നു പേരെയാണ് ചലച്ചിത്രരത്നം പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. ഈയിടെ അന്തരിച്ച സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ക്ക് മരണാനന്തരബഹുമതിയായാണ് ചലച്ചിത്രരത്നം പുരസ്‌കാരം നല്‍കുന്നത്. 97 വയസ്സായ മലയാള ചലച്ചിത്രതറവാട്ടിലെ കാരണവര്‍ ടി.ഇ. വാസുദേവന്‍, എം.ടി. വാസുദേവന്‍നായര്‍, മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, നെടുമുടി വേണു, മാടമ്പ് കുഞ്ഞുകുട്ടന്‍, ഗുഡ്നൈറ്റ്‌ മോഹന്‍, പി.കെ.നായര്‍, വിദ്യാധരന്‍മാസ്റ്റര്‍ എന്നിവരാണ്‌ ചലച്ചിത്രരത്നം പുരസ്‌കാരത്തിന്നായി തിരഞ്ഞെടുക്കപ്പെട്ട മറ്റു ജേതാക്കള്‍. ചലച്ചിത്രസപര്യ പുരസ്കാരത്തിന്നായി  കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത, വത്സല മേനോന്‍, സജിത മഠത്തില്‍, നന്ദകിഷോര്‍, ടി.ആര്‍. ഓമന, ക്യാപ്റ്റന്‍ രാജു എന്നിവരേയും തിരഞ്ഞെടുത്തു. പ്രൊ. പറമ്പില്‍ ജയകുമാര്‍ അദ്ധ്യക്ഷനും സുഭാഷ്‌മേനോന്‍, ഗിരിജാവല്ലഭന്‍, മലയാളഭൂമി ശശിധരന്‍നായര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചലച്ചിത്രരത്നം, ചലച്ചിത്രസപര്യ പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.            

സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് ചലച്ചിത്രരത്നം, ചലച്ചിത്രസപര്യ പുരസ്കാരങ്ങള്‍. ഇദംപ്രഥമമായാണ് വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രവര്‍ത്തനവിജയം കൈവരിച്ച ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് ഒരു സന്നദ്ധസംഘടന പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് പുരസ്കാരസമിതി അംഗവും കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരനിര്‍ണയസമിതി അദ്ധ്യക്ഷനുമായിരുന്ന എന്‍. രാജശേഖരന്‍നായര്‍ പറഞ്ഞു.

മലയാളം ഫൗണ്ടേഷന്‍ മുംബൈയില്‍ ഡിസംബര്‍ 8-നു വിപുലമായി സംഘടിപ്പിക്കുന്ന മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മലയാളം-ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍  ചലച്ചിത്രപുരസ്കാരങ്ങള്‍ നല്‍കും.  അതോടൊപ്പം വ്യത്യസ്തമേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖരെ ആദരിക്കും.

മലയാളം ഫൗണ്ടേഷന്‍റെ  വാര്‍ഷികപുരസ്കാരങ്ങള്‍ 2014 ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും

Comments are closed.