മലയാളം ഫൗണ്ടേഷന്‍ ജനുവരി 26-നു ഭാഷാവര്‍ഷം പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു

മലയാളം ഫൗണ്ടേഷന്‍ ജനുവരി 26-നു ഭാഷാവര്‍ഷം പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു  

മലയാളഭാഷയുടെയും സംസ്കാരത്തിന്‍റെയും  വളര്‍ച്ചയ്ക്കും  പരിപോഷണത്തിന്നും  വേണ്ടി പ്രവര്‍ത്തിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മലയാളം ഫൗണ്ടേഷന്‍  മറുനാട്ടിലെ മലയാളികള്‍ക്കിടയില്‍ മാതൃഭാഷാഭിമാനം വളര്‍ത്താനും പുതുതലമുറയെ മലയാളത്തോട് കൂടുതല്‍ അടുപ്പിക്കാനുമായി  വിവിധ പരിപാടികളോടെ മലയാള ഭാഷാവര്‍ഷം കൊണ്ടാടുന്നു 

മലയാളഭാഷയുടെ സമകാലികത എന്ന വിഷയത്തില്‍  മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി 20 സെമിനാറുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മലയാളത്തില്‍ പ്രസംഗമത്സരങ്ങള്‍, കേട്ടെഴുത്ത്, 10 മിനിറ്റില്‍ 10 മലയാളവാചകങ്ങള്‍ എഴുതല്‍, ഭാഷാപരിചയത്തിന്നുള്ള കളികള്‍.,  കവിയരങ്ങ്, കഥയരങ്ങ്‌, പുസ്തകപ്രകാശനങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് മലയാളം ഫൗണ്ടേഷന്‍   ഭാഷാവര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭാഷാവര്‍ഷത്തിനു തുടക്കം കുറിച്ചുകൊണ്ട്   ജനുവരി 26-നു, ശനിയാഴ്ച, ഉച്ചക്ക് 3 മണിക്ക്  മലയാളഭാഷയുടെ സമകാലികത എന്ന വിഷയത്തില്‍ ആദ്യത്തെ സെമിനാര്‍ കല്യാണ്‍ ഈസ്റ്റിലെ മോഡല്‍  സ്കൂളില്‍  വെച്ച് നടത്തുന്നു.  പ്രൊ. പി. കെ. മുരളീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ച  എസ്. ഹരിലാല്‍ ഉദ്ഘാടനം ചെയ്യും. ചര്‍ച്ചയില്‍ ബിന്ദു ജയന്‍, ദിനേശ് കൊടക്കാട്, മേഘനാദന്‍, എം.സി. വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിക്കും.
സെമിനാറിനു ശേഷം  പ്രസിദ്ധ സാഹിത്യകാരന്‍ മേഘനാദന്‍റെ  ”കിളിക്കൂട്ടം” എന്ന നോവലിന്‍റെ  പ്രകാശനം  ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ നിര്‍വഹിക്കും. ബേബി നായര്‍  പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുന്നതാണ്.  തുടര്‍ന്ന് 14 വയസ്സ് വരെയുള്ള മറുനാട്ടില്‍ പഠിക്കുന്ന  മലയാളി കുട്ടികള്‍ക്ക് 10 വാക്കുകളില്‍ മലയാളം കേട്ടെഴുത്ത്,  മുതിര്‍ന്നവര്‍ക്ക്  3 മിനിറ്റു  ദൈര്‍ഘ്യമുള്ള പ്രസംഗമത്സരം എന്നിവയുണ്ടാകും. നോവലിസ്റ്റ് ഗിരിജാവല്ലഭന്‍, നാണപ്പന്‍ മഞ്ഞപ്ര  എന്നിവര്‍  മത്സരത്തിന്‍റെ ജഡ്ജിമാരായിരിക്കും.
14 വയസ്സിനു മീതെയുള്ള എല്ലാ മലയാളികള്‍ക്കും പ്രസംഗമത്സരത്തില്‍ പങ്കെടുക്കാം. എല്ലാ വിജയികള്‍ക്കും  അതേ  വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9920144581, 9594925993   എന്നീ  നമ്പറുകളിലോ malayalamfoundaiton@gmail.com എന്ന ഇമെയിലിലോ  ബന്ധപ്പെടുക. ചടങ്ങില്‍ കലാസാഹിത്യ സാംസ്കാരികരംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി മലയാളികള്‍ പങ്കെടുക്കും.   
എല്ലാ ഭാഷാസ്നേഹികളേയും ചടങ്ങിലേക്ക്  സ്വാഗതം ചെയ്യുന്നു.

Comments are closed.