നാണപ്പന്‍ മഞ്ഞപ്രയുടെ ‘മധുരം മലയാളം’ എന്ന പ്രഥമ ലഘുകവിതാസമാഹാരത്തിന്‍റെ പ്രകാശനവും അദ്ധ്യാപകരെ ആദരിക്കലും നടന്നു

മലയാളം ഫൗണ്ടേഷന്‍ വിദ്യാരംഭദിനത്തില്‍ (ഒക്ടോബര്‍ 24) കല്യാണ്‍ ഈസ്റ്റിലെ മോഡല്‍ ഇംഗ്ലീഷ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാണപ്പന്‍ മഞ്ഞപ്രയുടെ  ’മധുരം മലയാളം’ എന്ന ലഘുകവിതാസമാഹാരഗ്രന്ഥത്തിന്‍റെ  പ്രകാശനം, നാണപ്പന്‍ മഞ്ഞപ്രയുടെ സപ്തതിസ്മരണിക പ്രകാശനം, അദ്ധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു.

 

മൂന്നു വിഭാഗങ്ങിലായാണ് അദ്ധ്യാപകരെ ആദരിച്ചത്. ഒന്ന് കല്യാണ്‍ ഈസ്റ്റിലെ മലയാളികളായ മുഴുവന്‍ അദ്ധ്യാപകരേയും ആദരിക്കുന്ന ചടങ്ങ്. രണ്ടാമത് മലയാളം മിഷന്‍റെ കീഴില്‍ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ബദലാപൂര്‍, അംബര്‍നാഥ്, ഉല്ലാസ്നഗര്‍, കല്യാണ്‍, ഡോംബിവലി എന്നിവടങ്ങളിലെ മലയാളം അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ്. മൂന്നാമത് 2011-12-ലെ ഏറ്റവും മികച്ച അദ്ധ്യാപികക്കുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ  പുരസ്‌കാരം ലഭിച്ച ശോഭന നന്ദകുമാര്‍നായരെ ആദരിക്കുന്ന ചടങ്ങ്.

ഒരു പ്രദേശത്തെ മലയാളികളായ  അദ്ധ്യാപകരെ ഒരു വേദിയില്‍ ക്ഷണിച്ചു വരുത്തി ഒന്നടങ്കം ആദരിച്ചത്  കേരളത്തിലോ മറുനാട്ടിലോ ഇതിനു മുന്‍പ് നടന്നിട്ടില്ലാത്ത കാര്യമാണ്‌… .  ആദ്യമായി ഇത്തരം ഒരു കാര്യത്തിന് മുന്‍കൈ എടുക്കാന്‍ കഴിഞ്ഞതില്‍    മലയാളം ഫൗണ്ടേഷനു അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നു  വൈസ് ചെയര്‍മാന്‍ പ്രൊഫ. പറമ്പില്‍ ജയകുമാര്‍ പറഞ്ഞു.  ചടങ്ങില്‍ സംസാരിച്ച എല്ലാവരും ഈ പരിപാടി  വേറിട്ടതും ശ്രദ്ധേയവും ആയിരുന്നെന്ന് പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി. 

 

രശ്മി കുറുപ്പ്, അഞ്ജന എസ് . നായര്‍, ആതിര ഉപേന്ദ്രന്‍ എന്നിവരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ മലയാളം ഫൗണ്ടേഷന്‍  അദ്ധ്യക്ഷന്‍ ശശിധരന്‍നായര്‍ സ്വാഗതം പറഞ്ഞു.  തുടര്‍ന്ന് സുപ്രസിദ്ധ അവതാരകനും ലോക് കല്യാണ്‍ മലയാളി സമാജത്തിന്‍റെ സെക്രട്ടറിയുമായ  കെ. ആര്‍. പ്രസാദിനെ ചടങ്ങിന്‍റെ അദ്ധ്യക്ഷനായി ക്ഷണിച്ചു. പിന്നീട്  മുഖ്യാതിഥികളായ സാമൂഹികപ്രവര്‍ത്തകന്‍ രാജന്‍ നായര്‍,  സുപ്രസിദ്ധ സാഹിത്യകാരന്‍  ഗിരിജാവല്ലഭന്‍, വിശിഷ്ടാതിഥികളായ ശോഭന നന്ദകുമാര്‍നായര്‍,  ഗാനരചയിതാവ് കലാധരപണിക്കര്‍,  ഈസ്റ്റ്‌ കല്യാണ്‍ എസ.എ.ന്‍.ഡി.പി സെക്രട്ടറി ചന്ദ്രമോഹനന്‍, ഈസ്റ്റ്‌ കല്യാണ്‍ കേരള സമാജം അദ്ധ്യക്ഷന്‍ റോയ് ജെ. കൊട്ടാരം എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു.
മലയാളം  ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ മലയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നാണപ്പന്‍ മഞ്ഞപ്രയുടെ ലഘുകവിതാസമാഹാരം ‘മധുരം മലയാളം’ ഗിരിജാവല്ലഭന്‍  കലാധരപണിക്കര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രമുഖസാഹിത്യകാരന്‍ മേഘനാദന്‍ നാണപ്പന്‍ മഞ്ഞപ്രയുടെ ‘മധുരം മലയാളം’ എന്ന സമാഹാരത്തിലെ കവിതകളുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പുസ്തകപരിചയം നടത്തി. തുടര്‍ന്ന്  മലയാളം  ഫൗണ്ടേഷന്‍റെ  2011-ലെ പുരസ്കാരസമിതി അദ്ധ്യക്ഷന്‍ എന്‍. രാജശേഖരന്‍നായര്‍ കെ.എസ്. പ്രഭാകരന്  സപ്തതിസ്മരണിക നല്‍കി ഔപചാരികമായ ഉല്‍ഘാടനപ്രസംഗം നടത്തി.
കെ. ആര്‍. പ്രസാദിന്‍റെ    അര്‍ത്ഥസമ്പുഷ്ടവും സരസവുമായ അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം അതുവരെ അവതാരകന്‍റെ കര്‍മ്മം നിര്‍വഹിച്ചിരുന്ന മലയാളം ഫൗണ്ടേഷന്‍  അദ്ധ്യക്ഷന്‍ ശശിധരന്‍നായര്‍ തുടര്‍ന്നു അവതാരകനാകാന്‍ ചടങ്ങിന്‍റെ അദ്ധ്യക്ഷന്‍ കെ. ആര്‍. പ്രസാദിനോട്  അഭ്യര്‍ഥിച്ചു.   കെ. ആര്‍. പ്രസാദ്  വളരെ മനോഹരമായും ചിട്ടയോടെയും പിന്നീടുള്ള പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയുടെ വിജയത്തിന്‍റെ മുഖ്യാഘടകങ്ങളിലൊന്നു കെ. ആര്‍. പ്രസാദിന്‍റെ അവതരണമായിരുന്നു.   ഗിരിജാവല്ലഭന്‍,  രാജന്‍ നായര്‍,  ഈസ്റ്റ്‌ കല്യാണ്‍ എസ.എ.ന്‍.ഡി.പി സെക്രട്ടറി ചന്ദ്രമോഹനന്‍, ഈസ്റ്റ്‌ കല്യാണ്‍ കേരള സമാജം അദ്ധ്യക്ഷന്‍ റോയ് ജെ. കൊട്ടാരം, കലാധരപണിക്കര്‍  എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കല്യാണ്‍ ഈസ്റ്റിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 28 അദ്ധ്യാപകരേയും ബദലാപൂര്‍, അംബര്‍നാഥ്, ഉല്ലാസ്നഗര്‍, കല്യാണ്‍, ഡോംബിവലി എന്നിവിടങ്ങളില്‍ നിന്നായി  12 മലയാളം മിഷന്‍ അദ്ധ്യാപകരേയും ആദരിച്ചു. ഏറ്റവും കൂടുതല്‍ വര്‍ഷത്തെ സേവനപരിചയമുള്ള  മാധവി ആര്‍.. നായര്‍, പദ്മാവതി അമ്മ, രാജം പിള്ള, കത്രീന എബ്രഹാം എന്നീ  അദ്ധ്യാപകര്‍ക്കും  മലയാളം മിഷന്‍റെ മേഖല കോഓര്‍ഡിനേറ്റര്‍  എം.സി. വേലായുധനും പ്രത്യേക ഉപഹാരങ്ങള്‍  നല്‍കി.
പിന്നീട് 2011-12-ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച അദ്ധ്യാപികക്കുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ  പുരസ്‌കാരം ലഭിച്ച ശോഭന നന്ദകുമാര്‍നായരെ  പൊന്നാട അണിയിച്ചും മലയാളം ഫൌണ്ടേഷന്‍റെ  ഉപഹാരം നല്‍കിയും ശാന്ത എസ്. നായര്‍ ആദരിച്ചു. മുംബൈ പൂരം ഫൌണ്ടേഷന്‍റെ   2012-ലെ ഗാനരചനാരത്നം പുരസ്‌കാരം നേടിയ കലധരപണിക്കര്‍ക്ക് മലയാളം ഫൌണ്ടേഷന്‍റെ വക ഉപഹാരം ശോഭന നന്ദകുമാര്‍നായര്‍ നല്‍കി.
ചില അദ്ധ്യാപകര്‍ക്ക് ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും തിങ്ങിനിറഞ്ഞ ഹാളില്‍ ഇരിപ്പടം കിട്ടാതെ പലരും നില്‍ക്കുകയായിരുന്നു. അഡ്വക്കേറ്റ്  പി. ആര്‍..  . രാജ്കുമാര്‍, അശോകന്‍ നാട്ടിക, കൈരളി ടിവി അംചി മുംബൈ അവതാരകന്‍  ജെ. പി. തകഴി, ജ്വാല മുഖ്യപത്രാധിപര്‍ ഗോപി നായര്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കുകൊണ്ടു.
ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങിയ ശോഭന നന്ദകുമാര്‍നായര്‍, മാധവി ആര്‍.. നായര്‍, രാജം പിള്ള, എം.സി. വേലായുധന്‍ എന്നിവര്‍  സംസാരിച്ചു.  ഉദയകുമാര്‍ പുളിക്കല്‍ നന്ദി പറഞ്ഞു.

Comments are closed.