മലയാളം ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു

Featured

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭാഷ, കല, സാഹിത്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സംസ്കാരം, സിനിമ എന്നിവയുടെ ഉന്നമനത്തിനായി ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന മലയാളം ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച  ഒന്‍പതു പേര്‍ക്കുള്ള  2013-ലെ പുരസ്കാരങ്ങള്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് ഫെബ്രുവരി 26-ന് വൈകിട്ട് നടന്ന ചടങ്ങില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. 
 
തിരുവനതപുരത്തു വെച്ചു നടത്തുന്ന ആദ്യത്തെ ചടങ്ങാണ് ഇതെന്നും ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍, ഇശൈമണി തൃശൂര്‍ ആര്‍  വൈദ്യനാഥ ഭാഗവതര്‍ തുടങ്ങിയ ഒന്‍പതു പ്രഗത്ഭമതികള്‍ക്കു പുരസ്കാരം നല്‍കാന്‍ കഴിയുന്നത്‌  ഭാഗ്യമാണെന്നും ഈ പുരസ്കാര ങ്ങള്‍ക്കായി വ്യത്യസ്ത കര്‍മമേഖലകളില്‍  വ്യാപരിക്കുന്ന    ഒന്‍പതു  രത്നങ്ങളെയാണ് തിരഞ്ഞെടുത്തതെന്നും അതിലൂടെ   മലയാളം ഫൗണ്ടേഷനും അതിന്‍റെ പ്രവര്‍ത്തകരും പുരസ്കൃതരാകുകയാണെന്നും അതില്‍ കൃതാര്‍ത്ഥത യുണ്ടെന്നും  അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ സ്വാഗതപ്രസംഗ ത്തില്‍ ചൂണ്ടിക്കാട്ടി.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ കലാസാംസ്കാരിക സംഘടന ചെയ്യുന്ന പ്രവർത്തന ങ്ങള്‍  മഹത്തരമാണെന്നു കനകക്കുന്നു കൊട്ടാരത്തിലെ ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിനിറുത്തി ചടങ്ങുകള്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. “മഹാരാഷ്ട്രയില്‍ നിന്നു വന്ന് കേരളത്തിന്റെ തലസ്ഥാനത്ത് കനകക്കുന്നു കൊട്ടാരത്തില്‍ വെച്ച് കലാസാംസ്കാരിക രംഗത്തെയും  പൊതുരംഗത്തെയും ധൈഷണികരംഗ ത്തെയും  ഇത്രയേറെ സദസ്യരെ  പങ്കെടുപ്പിച്ചു കൊണ്ട് ഇത്ര നല്ല രീതി യില്‍ പുരസ്‌കാരം നല്കുന്ന ചടങ്ങ് സംഘടിപ്പിച്ചതില്‍  മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായരേയും ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പറമ്പില്‍ ജയകുമാറിനേയും മറ്റു പ്രവര്‍ത്തകരേയും ഞാന്‍ അഭിനന്ദിക്കുന്നു. മലയാളികള്‍ മറ്റുള്ളവരെ,  പ്രത്യേകിച്ച് മറ്റു മലയാളികളെ, അഭിനന്ദിക്കാനും അംഗീകരിക്കാനും മടി കാണിക്കുന്ന വരാണ്. എന്നിരിക്കെ  ഈ ചടങ്ങ് സംഘടിപ്പിച്ച് വിവിധ മേഖലക ളില്‍ പ്രാഗത്ഭ്യം തെളിയിച്ച  ഒന്‍പതു പേര്‍ക്ക്  മലയാളം ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ നല്കുന്നത് വളരെ നല്ല കാര്യമാണ്. മേലിലും ശ്രദ്ധേയമായ പല നല്ല കാര്യങ്ങളും ചെയ്യാന്‍  മലയാളം ഫൗണ്ടേഷന് കഴിയട്ടെ എന്നാശംസിക്കുന്നു.”
പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവരെക്കുറിച്ചും, പ്രത്യേകിച്ച്  നേരിട്ട് അറിയാവുന്ന  പ്രൊ. പി.കെ.  രവീന്ദ്രനാഥ്, ജസ്റ്റിസ്‌ കൃഷ്ണയ്യര്‍, വി.ജി. നായര്‍ എന്നിവരെക്കുറിച്ചും അവരുടെ സേവനങ്ങളേയും പ്രവര്‍ത്തന ങ്ങളേയും പ്രകീര്‍ത്തിച്ചുകൊണ്ടും മുഖ്യമന്ത്രി  സംസാരിക്കുകയുണ്ടായി.  .
മലയാളരത്നം, സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, ഉല്ലേഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം എന്നീ മൂന്നു വിഭാഗങ്ങളി ലായി   ഒന്‍പതു പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. മലയാളരത്നം ഒഴികെ എല്ലാ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ക്കും ഫലകവും കാഷ് ചെക്കും നല്‍കി. മലയാളരത്നം സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതായിരുന്നു.

പ്രൊഫ. പി.കെ. രവീന്ദ്രനാഥ് (മരണാനന്തരം), ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍, വ്യവസായപ്രമുഖന്‍ വി.ജി. നായര്‍ എന്നിവര്‍ക്കുള്ള  മലയാളരത്നം പുരസ്കാരങ്ങള്‍ അവര്‍ക്കുവേണ്ടി എറ്റു  വാങ്ങി.    പ്രശസ്ത സാഹിത്യകാരനും മുംബൈയിലെ മലയാളം മിഷന്‍റെ  അദ്ധ്യക്ഷനുമായ ബാലകൃഷ്ണന്‍ മലയാളം ഫൗണ്ടേഷന്‍റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം പത്നീസമേതം വന്ന് മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടി യില്‍ നിന്ന് എറ്റു വാങ്ങി.  മലയാളം ഫൗണ്ടേഷന്‍ പുരസ്കാരം കേരളത്തില്‍ വെച്ച് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ തന്‍റെ ജീവിതത്തിലെ  ആദ്യത്തെ പുരസ്കാരമാണെന്ന്  ബാലകൃഷ്ണന്‍   മറുപടിപ്രസംഗത്തില്‍ പറഞ്ഞു.
കര്‍ണാടകസംഗീതത്തിലെ സമഗ്രസംഭാവനക്ക് ഇശൈമണി തൃശൂര്‍ ആര്‍ വൈദ്യനാഥഭാഗവതര്‍ക്കുള്ള പുരസ്‌കാരം 89 വയസ്സുള്ള  ഭാഗവതര്‍ക്ക് ദീര്‍ഘയാത്ര പ്രയാസമായതിനാല്‍ അദ്ദേഹത്തിനു വേണ്ടി കവിയും സാഹിത്യകാരനുമായ നാണപ്പന്‍ മഞ്ഞപ്ര ഏറ്റു വാങ്ങി. പിന്നീട് അദ്ദേഹം ഭാഗവതരുടെ തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ പോയി പുരസ്‌കാരം നല്‍കും. സമഗ്രസംഭാവനക്കുള്ള മലയാളം ഫൗണ്ടേഷന്‍റെ  2011-ലെ പരസ്കാരം നാണപ്പന്‍ മഞ്ഞപ്ര തൃശൂരെ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച്  ഇശൈമണി തൃശൂര്‍ ആര്‍ വൈദ്യനാഥഭാഗവതരില്‍ നിന്നായിരുന്നു അന്ന് നമസ്കരിച്ചുകൊണ്ട്   ഏറ്റു വാങ്ങിയത്.
ശസ്ത്രക്രിയക്ക്  ശേഷം വിശ്രമിക്കുന്ന ഭര്‍ത്താവിന്‍റെ അടുത്ത് നിന്ന് മാറി നില്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍   സമഗ്രസംഭാവനക്കുള്ള പുരസ്കാരം  നേരിട്ട് ഏറ്റുവാങ്ങാൻ ലീല സര്‍ക്കാരിനും സാധിച്ചില്ല. ലീല സര്‍ക്കാരിനു വേണ്ടി  പൂജപ്പുര സിഎംജി ഹൈസ്കൂളിലെ മുന്‍ മലയാളം അദ്ധ്യാപിക ഇന്ദിര എസ്. നായര്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പുരസ്കാരം ഏറ്റു വാങ്ങി.  നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയുടെ അമ്മ കെ.എം. ശാന്തകുമാരി ടീച്ചര്‍    ഹെഡ് മിസ്ട്രസ്സായി സിഎംജി ഹൈസ്കൂളിലാണ്  ജോലി ചെയ്തിരുന്നത്. ഇന്ദിരാമ്മ ടീച്ചര്‍ എന്നറിയപ്പെടുന്ന ഇന്ദിര എസ്. നായരും കെ.എം. ശാന്തകുമാരി ടീച്ചറും സഹപ്രവര്‍ത്തകരായിരുന്നു.
സാമൂഹ്യസേവന ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവനയ്ക്ക്‌ കേരളത്തിലെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍റെ  സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ   കെ.എന്‍. ആനന്ദകുമാര്‍ പുരസ്കാരം ഏറ്റു വാങ്ങി.   അദ്ദേഹത്തിന്‍റെ ഹ്രസ്വമായ മറുപടി പ്രസംഗം ശ്രദ്ധേയമായി.    
ചെറിയ പ്രസിദ്ധീകരണം വഴിയുള്ള   മാദ്ധ്യമപ്രവര്‍ത്തനത്തിന്   നിലയ്ക്കലേത്തു രവീന്ദ്രന്‍നായരും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ്‌ ഡിസൈനര്‍എന്ന ബഹുമതി നേടി വിവരസാങ്കേതിക രംഗത്ത്‌ നേട്ടങ്ങള്‍ കൈവരിച്ചതിന് ശ്രീലക്ഷ്മി സുരേഷും    ഉല്ലേഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി. മാതാപിതാ ക്കള്‍ക്കൊപ്പമെത്തിയാണ്  ശ്രീലക്ഷ്മി  മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങിയത്.
ഏറ്റവും ആദ്യം മറുപടി പ്രസംഗം നടത്തിയത് ശ്രീലക്ഷ്മി സുരേഷായി രുന്നു.  വേദിയില്‍ ഇരുന്നിരുന്ന ഏറ്റവും പ്രായം കുറഞ്ഞ  ശ്രീലക്ഷ്മി സുരേഷിന്‍റെ പ്രസംഗം സരളവും ലളിതവും  ആയിരുന്നു.
സദസ്യര്‍  ഒന്നടങ്കം പ്രശംസിച്ചതായിരുന്നു  നിലയ്ക്കലേത്തു രവീന്ദ്രന്‍ നായരുടെ പ്രസംഗം. “ഇന്ന് എന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ദിനമാണ്.  ശുദ്ധമലയാളം പ്രചരിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍. അദ്ദേഹം എന്‍റെ ഗുരുനാഥനാണ്. നേരിട്ട് അദ്ദേഹത്തിന്‍റെ ശിഷ്യനാകാന്‍ എനിയ്ക്കു ഭാഗ്യം ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്‍റെ  ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹവുമായുള്ള  എഴുത്തു കുത്തുകളിലൂടെയും ഫോണിലൂടെയും മറ്റുമുള്ള ആശയവിനിമയ ങ്ങളിലൂടെയും  ഉപദേശങ്ങളിലൂടെയും കഴിഞ്ഞ 16 വര്‍ഷങ്ങളായി അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നതിലൂടെ എകലവ്യനെപ്പൊലെ ഞാന്‍ അദ്ദേഹത്തിന്‍റെ ശിഷ്യനും അദ്ദേഹം എന്‍റെ ഗുരുനാഥനുമാണ്. അദ്ദേഹത്തിന്‍റെ മുന്‍പില്‍ ഒരു സദസ്സില്‍ വെച്ച്   രണ്ടു വാക്ക് മലയാ ളത്തില്‍ സംസാരിക്കാന്‍ കഴിയുക എന്നത് മറ്റൊരു പുരസ്കാരമായി ഞാന്‍ കരുതുന്നു. അതുകൊണ്ട് ഇന്ന് എനിക്ക് രണ്ടു പുരസ്കാരങ്ങ ളാണ്  ലഭിച്ചത്. അദ്ദേഹത്തിന്‍റെയും അദ്ദേഹത്തെപ്പോലെ ഞാന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കെ. രാമന്‍പിള്ള സാര്‍ തുടങ്ങിയവരുടെയും  സാന്നിദ്ധ്യത്തില്‍ ഈ പുരസ്കാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്ന്  ഏറ്റുവാങ്ങാന്‍   കഴിഞ്ഞത് ഭാഗ്യമാണ്.  മലയാളനാട്ടില്‍ നിന്ന് 2000 നാഴിക അകലെ മലയാളം സംസാരിക്കാത്തവരുടെ ഇടയില്‍  ഇരുന്ന്  ന്‍റെ പ്രിയപ്പെട്ട മലയാളത്തിനു വേണ്ടി പ്രമദം എന്ന മാസികയിലൂടെ  നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും എന്‍റെ സാഹിത്യസാംസ്കാരിക പ്രവര്‍ത്തന
ങ്ങള്‍ക്കുമുള്ള അംഗീകാരവും പ്രോത്സാഹനവുമായി മലയാളം ഫൗണ്ടേഷന്‍റെ ഈ  പുരസ്കാരത്തെ കാണുന്നു. അതിന്   മലയാളം ഫൗണ്ടേഷന്‍റെ  എല്ലാ പ്രവര്‍ത്തകരോടും എനിക്കുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു.”
നല്ല  പ്രഭാഷണശൈലി സ്വായത്തമാക്കിയിട്ടുള്ള നിലയ്ക്കലേത്തു രവീന്ദ്രന്‍നായരുടെ പ്രസംഗത്തെ   പ്രൊഫ.  പന്മന രാമചന്ദ്രന്‍നായരും, കെ. രാമന്‍പിള്ളയും, പ്രോഫ. പറമ്പില്‍ ജയകുമാറും മലയാളഭൂമി ശശിധരന്‍നായരും പ്രത്യേകം അഭിനന്ദിച്ചു.
ജസ്റ്റീസ് എന്‍ കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.  പന്മന രാമചന്ദ്രന്‍നായര്‍ മുഖ്യപ്രഭാഷണവും, മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റും വാഗ്മിയുമായ കെ. രാമന്‍പിള്ള ആശംസാപ്രസംഗവും നിര്‍വഹിച്ചു.
മലയാളം ഫൗണ്ടേഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊ. പറമ്പില്‍ ജയകുമാര്‍ ആമുഖപ്രഭാഷണം  നടത്തി. ആമുഖപ്രഭാഷണത്തില്‍  മലയാളം ഫൗണ്ടേഷ
ന്‍റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും മലയാളഭാഷയുടെ ഇന്നത്തെ അവസ്ഥയെ ക്കുറിച്ചും   ഭാഷയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും   വേണ്ടി മലയാളം ഫൗണ്ടേഷന്‍ നിലകൊള്ളുന്നതിനെപ്പറ്റിയും   കലാസംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും  നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും  അദ്ദേഹം പ്രതിപാദിച്ചു. കേരള സര്‍ക്കാരോ മലയാള സിനിമ സംഘടനകളോ ആഘോഷിക്കാത്ത മലയാളം ശബ്ദസിനിമയുടെ പ്ലാറ്റിനം ജൂബിലി ഇദംപ്രഥമമായി മലയാളം ഫൗണ്ടേഷന്‍ 2013 ഡിസംബര്‍ 8-ന് മുംബൈയില്‍ വിപുലമായി ആഘോഷിച്ച കാര്യവും പ്രൊ. പറമ്പില്‍ ജയകുമാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.

മലയാളം ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Featured

പി.കെ. രവീന്ദ്രനാഥിനും (മരണാനന്തരം),   വി.ആര്‍. കൃഷ്ണയ്യര്‍ക്കും, വി.ജി. നായര്‍ക്കും മലയാളരത്നം; കെ.രാഘവന്‍ മാസ്റ്റര്‍ (മരണാനന്തരം), എം.ടി, മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, ടി.ഇ. വാസുദേവന്‍, നെടുമുടി വേണു, മാടമ്പ് കുഞ്ഞുകുട്ടന്‍, പി.കെ. നായര്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്രരത്നം; കവിയൂര്‍  പൊന്നമ്മ, കെപിഎസി ലളിത, നന്ദകിഷോര്‍ടി.ആര്‍. ഓമന, വത്സല മേനോന്‍, ക്യാപ്റ്റന്‍ രാജു, സജിത മഠത്തില്‍ എന്നിവര്‍ക്ക് ചലച്ചിത്രസപര്യ പുരസ്കാരങ്ങള്‍          

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭാഷ, കല, സാഹിത്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സംസ്കാരം, സിനിമ എന്നിവയുടെ ഉന്നമനത്തിനായി ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും  ചെയ്യുന്ന മലയാളം ഫൗണ്ടേഷന്‍കേരളപ്പിറവിദിനത്തില്‍ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ 2013-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഒന്‍പതു വാര്‍ഷികപുരസ്കാരങ്ങള്‍ക്ക് പുറമേ ഡിസംബര്‍ 8-നു മലയാളം ഫൗണ്ടേഷന്‍  മുംബൈയില്‍ സംഘടിപ്പിക്കുന്ന മലയാളസിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള 18 പ്രത്യേക ചലച്ചിത്രപുരസ്കാരങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നു പുരസ്കാരസമിതി അദ്ധ്യക്ഷന്‍ പ്രൊ. പറമ്പില്‍  ജയകുമാര്‍ പ്രസ്താവിച്ചു.   

പത്രപ്രവര്‍ത്തനം, പരിഭാഷ, ഗവേഷണം, സാഹിത്യം, ഗ്രന്ഥരചന, അദ്ധ്യാപനം  തുടങ്ങിയ വിഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  മരണാനന്തരബഹുമതിയായി മലയാളം ഫൗണ്ടേഷന്‍റെ സര്‍വോത്തര പുരസ്കാരമായ പ്രഥമ മലയാളരത്നം പുരസ്കാരത്തിന് പ്രൊ. പി.കെ. രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. കൂടാതെ ജസ്റ്റീസ്  വി.ആര്‍. കൃഷ്ണയ്യരേയും  വ്യവസായപ്രമുഖന്‍ വി.ജി. നായരേയും മലയാളരത്നം പുരസ്കാരങ്ങള്‍ക്കായി തിരഞ്ഞെടുത്തു. .

നിയമരംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എഴുത്ത്, പ്രഭാഷണം, അഭിമുഖം എന്നിവയിലൂടെയുള്ള ശക്തമായ ഇടപെടലുകളും പോരാട്ടങ്ങളും, ഗ്രന്ഥരചന എന്നിവക്കെല്ലാമുള്ള ബഹുമതി എന്ന നിലയിലാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന സുപ്രീംകോടതി മുന്‍ജഡ്ജിയായ  വി.ആര്‍. കൃഷ്ണയ്യര്‍ക്കു ഈ പുരസ്കാരം നല്‍കുന്നതെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. അദ്ദേഹത്തിനുള്ള 97-ആം ജന്മദിനസമ്മാനം കൂടിയാണ് ഈ പുരസ്‌കാരപ്രഖ്യാപനമെന്ന് പുരസ്കാരസമിതി അംഗം ഗിരിജാവല്ലഭന്‍ പറഞ്ഞു.   

സാധാരണ തൊഴിലാളിയില്‍ നിന്ന് സത്യസന്ധതകൊണ്ടും ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും കോടികളുടെ വ്യവസായസാമ്രാജ്യം കെട്ടിപ്പടുത്ത വി.ജി.എന്‍. ജ്വല്ലറിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും ഉടമയായ വി.ജി. നായരുടെ ജീവിതകഥയും മാനുഷികനന്മയിലൂന്നിയുള്ള പ്രവര്‍ത്തനരീതികളും സമീപനങ്ങളും ഓരോ മലയാളിയും ശ്രദ്ധിക്കേണ്ടതും സസൂക്ഷ്മം വിലയിരുത്തേണ്ടതുമാണ്. 

ഇവരുടെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവും വിജയപാതയിലേക്കുള്ള ചൂണ്ടുപലകയും ആകട്ടെ എന്ന സദുദ്ദേശത്തോടെയാണ് ആദ്യമായി മലയാളരത്നം പുരസ്‌കാരങ്ങള്‍ നല്കുന്നതെന്നു മലയാളം ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ മലയാളഭൂമി ശശിധരന്‍നായര്‍ ചൂണ്ടിക്കാട്ടി.  

സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് ബാലകൃഷ്ണനും, സാഹിത്യപരിഭാഷ, സാഹിത്യപ്രവര്‍ത്തനം, ബംഗാളി-മലയാളം നിഘണ്ടു രചന എന്നീ മേഖലകളിലെ സമഗ്രസംഭാവനക്ക് ലീല സര്‍ക്കാരിനും, കര്‍ണാടകസംഗീതരംഗത്തെ സമഗ്രസംഭാവനക്ക് ഇശൈമണി തൃശൂര്‍ വൈദ്യനാഥഭാഗവതര്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രസംഭാവനക്ക് തിരുവനന്തപുരത്തെ സായിഗ്രാമത്തിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍. ആനന്ദകുമാറിനുമാണ് പുരസ്കാരങ്ങള്‍. ഉല്ലേഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിലയ്ക്കലേത്തു രവീന്ദ്രന്‍നായരും ശ്രീലക്ഷ്മി സുരേഷും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ചെറിയ പ്രസിദ്ധീകരണം വഴി  മാധ്യമപ്രവര്‍ത്തനം നിര്‍വഹിക്കുന്ന  വ്യത്യസ്തനായ വ്യക്തിയാണ് ഭിലായില്‍ നിന്ന് കഴിഞ്ഞ 16 വര്‍ഷങ്ങളായി  പ്രസിദ്ധീകരിക്കുന്ന പ്രമദം മാസികയുടെ പത്രാധിപര്‍  നിലയ്ക്കലേത്തു രവീന്ദ്രന്‍നായര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായ വെബ്‌ ഡിസൈനര്‍ എന്ന നേട്ടവും വിവരസാങ്കേതിക രംഗത്ത്‌ മറ്റനേകം നേട്ടങ്ങളും കൈവരിച്ച് 100-ലധികം വെബ്‌ സൈറ്റുകള്‍ ഡിസൈന്‍ ചെയ്ത് ലോകശ്രദ്ധ നേടിയ ശ്രീലക്ഷ്മി സുരേഷിനുള്ള അംഗീകാരമായാണ് മലയാളം ഫൗണ്ടേഷന്‍ പുരസ്കാരം നല്‍കുന്നത്.   

സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് മലയാളം ഫൗണ്ടേഷന്‍റെ സര്‍വോത്തര പുരസ്കാരമായ മലയാളരത്നം. ട്രോഫി, ഫലകം, കാഷ് എന്നിവ അടങ്ങുന്നതാണ് സമഗ്രസംഭാവനക്കും ഉല്ലേഖനീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍.  പ്രൊ. പറമ്പില്‍ ജയകുമാര്‍ അദ്ധ്യക്ഷനും സാഹിത്യകാരന്‍ ഗിരിജാവല്ലഭന്‍, എന്‍. രാജശേഖരന്‍നായര്‍, മലയാളഭൂമി ശശിധരന്‍നായര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.           

75 വര്‍ഷം പൂര്‍ത്തിയാക്കിയ  മലയാളസിനിമയ്ക്കു ഗണ്യമായ സംഭാവനകള്‍ നല്കിയ ബഹുമുഖപ്രതിഭകളായ പതിനൊന്നു പേരെയാണ് ചലച്ചിത്രരത്നം പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. ഈയിടെ അന്തരിച്ച സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ക്ക് മരണാനന്തരബഹുമതിയായാണ് ചലച്ചിത്രരത്നം പുരസ്‌കാരം നല്‍കുന്നത്. 97 വയസ്സായ മലയാള ചലച്ചിത്രതറവാട്ടിലെ കാരണവര്‍ ടി.ഇ. വാസുദേവന്‍, എം.ടി. വാസുദേവന്‍നായര്‍, മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, നെടുമുടി വേണു, മാടമ്പ് കുഞ്ഞുകുട്ടന്‍, ഗുഡ്നൈറ്റ്‌ മോഹന്‍, പി.കെ.നായര്‍, വിദ്യാധരന്‍മാസ്റ്റര്‍ എന്നിവരാണ്‌ ചലച്ചിത്രരത്നം പുരസ്‌കാരത്തിന്നായി തിരഞ്ഞെടുക്കപ്പെട്ട മറ്റു ജേതാക്കള്‍. ചലച്ചിത്രസപര്യ പുരസ്കാരത്തിന്നായി  കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി. ലളിത, വത്സല മേനോന്‍, സജിത മഠത്തില്‍, നന്ദകിഷോര്‍, ടി.ആര്‍. ഓമന, ക്യാപ്റ്റന്‍ രാജു എന്നിവരേയും തിരഞ്ഞെടുത്തു. പ്രൊ. പറമ്പില്‍ ജയകുമാര്‍ അദ്ധ്യക്ഷനും സുഭാഷ്‌മേനോന്‍, ഗിരിജാവല്ലഭന്‍, മലയാളഭൂമി ശശിധരന്‍നായര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചലച്ചിത്രരത്നം, ചലച്ചിത്രസപര്യ പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.            

സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് ചലച്ചിത്രരത്നം, ചലച്ചിത്രസപര്യ പുരസ്കാരങ്ങള്‍. ഇദംപ്രഥമമായാണ് വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രവര്‍ത്തനവിജയം കൈവരിച്ച ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് ഒരു സന്നദ്ധസംഘടന പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് പുരസ്കാരസമിതി അംഗവും കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരനിര്‍ണയസമിതി അദ്ധ്യക്ഷനുമായിരുന്ന എന്‍. രാജശേഖരന്‍നായര്‍ പറഞ്ഞു.

മലയാളം ഫൗണ്ടേഷന്‍ മുംബൈയില്‍ ഡിസംബര്‍ 8-നു വിപുലമായി സംഘടിപ്പിക്കുന്ന മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങില്‍ മലയാളം-ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍  ചലച്ചിത്രപുരസ്കാരങ്ങള്‍ നല്‍കും.  അതോടൊപ്പം വ്യത്യസ്തമേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖരെ ആദരിക്കും.

മലയാളം ഫൗണ്ടേഷന്‍റെ  വാര്‍ഷികപുരസ്കാരങ്ങള്‍ 2014 ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും

വിശക്കുന്നവന്‍റെ മുന്‍പില്‍ ദൈവം ആഹാരത്തിന്‍റെ രൂപത്തില്‍ വരുന്നു

Featured

സന്നദ്ധസേവനം ചെയ്യുന്ന  മലയാളം ഫൗണ്ടേഷന്‍ വിജയദശമിദിനത്തില്‍ അന്നദാനത്തിന് പുതിയ തുടക്കം കുറിക്കുന്നു

വിശന്നു വലയുന്നവന് ഉപദേശമോ സാന്ത്വനമോ പ്രാര്‍ത്ഥനയോ പണമോ അല്ല വേണ്ടത് മറിച്ച് ആഹാരമാണ്. അതുകൊണ്ടാണ്  വിശക്കുന്നവന്‍റെ  മുന്‍പില്‍ ദൈവം ആഹാരത്തിന്‍റെ  രൂപത്തില്‍ വരുന്നു എന്നു പറയുന്നത്.

ഇന്ന് വിദ്യാരംഭം. ഈ സുദിനത്തില്‍ മലയാളം ഫൗണ്ടേഷന്‍ പുതിയൊരു തുടക്കം കുറിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ വിശക്കുന്നവര്‍ക്ക്  എന്നും പതിവായി ആഹാരം നല്‍കിക്കൊണ്ട് കഴിഞ്ഞ കുറെ നാളുകളായി മാധ്യമങ്ങളുടെയും സുമനസ്സുകളുടെയും പ്രശംസകളും പ്രോത്സാഹനങ്ങളും  അനുഗ്രഹവും ഏറ്റുവാങ്ങുന്ന  സാമൂഹികപ്രവര്‍ത്തകയും നിയമവിദ്യാര്‍ഥിനിയുമായ അശ്വതി നായരുമായി സഹകരിച്ച്  ഇന്നു മുതല്‍ മലയാളം ഫൗണ്ടേഷന്‍ ആ സന്നദ്ധപ്രവര്‍ത്തകയും സഹോദരിയും അമ്മയും മുത്തശ്ശിയും ചേര്‍ന്നു ചെയ്യുന്ന സദ്‌പ്രവൃത്തിയില്‍  വളരെ ചെറിയ തോതില്‍ ഭാഗഭാക്കാകുന്നു.

എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍.

ഡിസംബര്‍ 7-ന് മലയാളം ഫൗണ്ടേഷന്‍ മുംബൈ മലയാള നാടകവേദിയിലെ പ്രവര്‍ത്തകരെ അനുമോദിക്കുന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ രാജുവും വത്സല മേനോനും പങ്കെടുക്കുന്നു

Featured

മുംബൈ മലയാള നാടകവേദി 70-കളിലും 80-കളിലും 90-ന്‍റെ ആദ്യപാദത്തിലും വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാള നാടകങ്ങള്‍ മുംബൈയിലാണ് ഒരുകാലത്ത് അവതരിപ്പിച്ചിരുന്നത്. ക്യാപ്റ്റന്‍ രാജു, വത്സലമേനോന്‍, കുര്യാക്കോസ്‌ ഇവരെല്ലാം മുംബൈ നാടകരംഗത്ത്‌ നിന്ന് മലയാള സിനിമാരംഗത്ത്‌ എത്തിപ്പെട്ടവരാണ്.


കുര്യാക്കോസ്‌ രചയിതാവായും നിര്‍മാതാവായുമാണ് സിനിമാരംഗത്ത്‌ പ്രവര്‍ത്തിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം മരിച്ചു. ക്യാപ്റ്റന്‍ രാജുവും വത്സലാമേനോനും സജീവമായി സിനിമാരംഗത്തുണ്ട്.
മുംബൈ നാടകവേദിയില്‍ നിന്ന് മലയാള സിനിമാരംഗത്ത്‌ എത്തിപ്പെട്ട നടനാണ്‌ ബാലന്‍ തൃപ്പൂണിത്തുറ എന്ന ബാലാജി.
മുംബൈ മലയാള നാടകവേദിയിലെ പ്രവര്‍ത്തകരെ ഒരു വേദിയില്‍ ഒരുമിച്ച് അണിനിരത്തി അനുമോദിക്കുക എന്ന ദൗത്യം ഏറ്റെടുത്ത്  മലയാളം  ഫൗണ്ടേഷന്‍  പ്രവല്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുംബൈയിലെ  എല്ലാ മലയാളികളുടേയും ആശിര്‍വാദത്തോടെ ഡിസംബര്‍ ആദ്യവാരം മാട്ടുംഗയിലെ മൈസൂര്‍  അസോസിയേഷന്‍ ഹാളില്‍ വെച്ച്  നടക്കുന്ന ചടങ്ങില്‍ 50-ല്‍ പരം നാടകപ്രവര്‍ത്തകരെ ആദരിക്കും. ക്യാപ്റ്റന്‍ രാജുവും വത്സലാമേനോനും മുഖ്യാതിഥികളായി സംബന്ധിക്കും. പ്രവേശനം പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കും പാസ്സിനും malayalamfoundation@gmail.com  എന്ന ഇമെയിലില്‍  ബന്ധപ്പെടുക